Biennale - A Travelogue

| | 3 min read

ഓടിപ്പിടിച്ച് വന്നപ്പോഴേയ്ക്കും ജനശദാബ്ദി പോയി ഇനി ബസിനു പോകുന്നതാണ് ബുദ്ധി. അക്ഷരാർത്ഥത്തിൽ ഓടി ബസ്റ്റാന്റിലേയ്ക്ക്. പുറപ്പെടാറായ ഒരു ബസിലെയ്ക് ചാടി കയറി. ഭാഗ്യം സീറ്റു കിട്ടി. ആശ്വാസം .. ഞാനാകെ ത്രില്ലിലാണ്. ബിനാലെ ആണു ലക്‌ഷ്യം . കഴിഞ്ഞ തവണ ഒത്തിരി കേട്ടു കൊതിച്ചതല്ലാതെ എനിക്ക് കാണാനായില്ല. ഇത്തവണ എന്തായാലും പോകുന്നു. നന്നായിരിക്കുമോ ? എനിക്കൊന്നും മനസിലാകാതെ പോകുമോ ?.

എറണാകുളം ബസ്റ്റാന്റിൽ നിന്നും ഓട്ടോയിൽ ബോട്ട് ജെട്ടിയിലേയ്ക്ക്. ബോട്ടിലാണ് ഫോര്ട്ട് കൊച്ചിയിലേയ്ക്ക് പോകേണ്ടത്. പണ്ടെങ്ങോ വിവേകാനന്ദ പാറയിൽ പോകാൻ ബോട്ടിൽ കയറിയതല്ലാതെ എനിക്ക് ജലസവാരി പരിചയമില്ല. ചാഞ്ചാടുന്ന ബോട്ടിലേയ്ക്ക് ഒപ്പമുള്ള സുഹൃത്തിന്റെ സഹായത്തോടെ കയറിപ്പറ്റി. എല്ലായിപ്പോഴുമെന്നപോലെ സൈഡ് സീറ്റ് പിടിച്ചു. വളരെ തുച്ചമാണ് ടിക്കറ്റ്. എന്നിട്ടും എന്താണാവോ ജലഗതാഗതം അത്രയ്ക്കങ്ങ് പ്രോൽസാഹിപ്പിക്കാത്തതു. പഴേ പോലെ വള്ളക്കടവീന്നു വർക്കല തുരപ്പ് വഴി ആലപ്പുഴ-എറണാകുളം-കൊച്ചി ജലപാത വന്നാൽ പാർവ്വതീ പുത്തനാറിനൊരു ശാപമോക്ഷവും, നാലഞ്ച് മണിക്കൂർ നയനമനോഹര ദൃശ്യങ്ങളോടെ യാത്രയും തരമായേനെ. ഈ ചെറിയ യാത്ര പോലും എന്ത് ഭംഗിയാണ്. ബോട്ടിൽ നിന്നും ചീറ്റിത്തെറിക്കുന്ന പുകയും വെള്ളവും കൂടി കായലിൽ മാരിവില്ലിന്റെ പൂക്കൾ വിരിയിക്കുന്നു. വല്ലര്പ്പാടം ടെര്മിനലിന്റെ കൂറ്റൻ ക്രെയിനുകൾ തലയുയർത്തി നില്ക്കുന്നു. പച്ചത്തുരുത്തായി വൈപ്പിൻ, ഗോശ്രീ പാലം. എമ്പാടും കെട്ടിടങ്ങളുമായി പരന്നു കിടക്കുന്ന ഈ ഭൂഭാഗം കൊചി തുറമുഖത്തിനായ്‌ കുഴിച്ച മണ്ണു നിക്ഷേപിച്ചുണ്ടായതെത്രെ! വെല്ലിങ്ങ് ടണ്‍ ഐലന്റ്. ഇവിടെവിടെയാവും ലന്തൻ ബത്തേരി. ഇനിയും ഉറച്ചിട്ടില്ലാത്ത അടിയടരുകളുള്ള കിണറു കുത്തുമ്പോ അടിമ നീഗ്രോകളുടെ എല്ലിൻ കഷണങ്ങളും തലയോട്ടികളും പൊങ്ങി വരുന്ന ലന്തൻ ബത്തേരി.

ബോട്ട്ജെട്ടിന്ന് പുറത്തിറങ്ങിയപ്പോ സമയം 12: 10 കത്തുന്ന വിശപ്പ്. ട്രെയിനീന്ന്കഴിക്കാൻ പ്ലാനിട്ട് ട്രെയിനും കിട്ടീല്ല. വീട്ടിന്നെറങ്ങീട്ട് തുള്ളിവെള്ളം കുടിച്ചിട്ടില്ല. ആദ്യം ഫൂഡ് പിന്നെ ബാക്കി. ഞാനും സുഹൃത്തും ഒരുമിച്ച് പറഞ്ഞു.
പുറത്തിറങ്ങി ആദ്യം കണ്ണിൽ പെട്ടത്

സോളാർ കഫേ എന്നെഴുതിയ ചെറിയൊരു ബോർഡ്.
കയറിയാലോന്ന് കൂട്ട്കാരൻ.
എനിക്കൊരു തൃപ്റ്റി തോന്നീല്ല. ബോർഡല്ലാതെ കട കാണാനുമില്ല. ഇനി വല്യെ വൃത്തിയൊന്നുമില്ലാത്ത തട്ടിക്കൂട്ട് സെറ്റപ്പാണേൽ മെനക്കേടാവും.കയറാനൊരു മടി. പക്ഷെ നല്ല വെയിൽ , വിശപ്പും നല്ലൊരു ഹോട്ടലും തപ്പി അധികം നടക്കാൻ വയ്യ.
ഇടുങ്ങിയ ഇടനാഴി കയറിയപ്പോ വിശാലമായ മരഗോവണി.

ങേ ഇതെന്ത് ലൈബ്രറിയോ
ശരിക്കും അമ്പരിപ്പിച്ചു.

ഭിത്തിയിലെമ്പാടും കവിതകൾ വൃത്തിയുള്ള കൈപ്പടയിലെഴുതി പതിപ്പിച്ചിരിക്കുന്നു. ചിലതിനു താഴെ ഈസ എന്നും ചിലതിൽ സിയാദെന്നും. കിടിലൻ കവിതകൾ. ഭിത്തിയലമാരകളിൽ, തീന്മേശപ്പുറങ്ങളിൽ, ജനാലപ്പടികളിൽ പുസ്തകങ്ങൾ.

ഓടുപാകിയ മേൽക്കൂര. ഇരിക്കാൻ പഴയമ്മട്ടിലുള്ള മരക്കസേരയും മേശയും.

മെനുവിൽ ഇൻഡ്യൻ വിഭവം ഊണും മീനും മാത്രം.
മേൽക്കൂരയിലെ കണ്ണാടിയോടുകളുടെ പ്രകാശവിന്യാസത്തിനു കീഴെ നാടൻ ഊണു.
കുത്തരിച്ചോർ
തേങ്ങാച്ചമ്മന്തി, അച്ചാർ
പടവലങ്ങ - തൊമരപ്പരിപ്പ് തോരൻ.
പപ്പായ കൊണ്ടോരു മെഴുക്ക് പുരട്ടി. അതാരുന്നു സൂപ്പർ. ഹാ എന്താ രുചി.
കക്കത്തോരനും മീങ്കറിയും സ്പെഷ്യൽ.
നല്ല ആംബിയൻസ് നല്ല ഫൂഡ്. ബിനാലെയിലെ ഏറ്റവും മികച്ച ഇല്ലുസ്റ്റ്രേഷനായി ഞാനതിനെ കണക്കാക്കി.

ഗതഗാല പ്രൗഡിയുടെ, പഴമയുടെ ചരിത്രം വിളിച്ചോതുന്ന കെട്ടിടങ്ങളാണ് നിരത്തിൽ. പ്രൗഡ ഗംഭീരമായ കൂറ്റൻ കെട്ടിടം. ആസ്പിൻ വാൾ പഴയ വെയര് ഹൗസാണു. കായൽക്കരയിൽ വിശാലമായ വളപ്പിൽ കൂറ്റൻ കെട്ടിടങ്ങളുടെ സമുച്ചയമാണ്‌. ഇതാണു കൊച്ചിൻ മുസിരിസ് ബിനാലെയിലെ ഏറ്റവും വലിയ വേദി. 98 കലാകാരന്മാരുടെ ഇല്ലസ്ട്രെഷനുകളാണൂ ഇവിടെ ഒരുക്കിയിരിക്കുന്നത്.

ആദ്യത്തെ മുറിയിൽ ഒരു ചലച്ചിത്രാവിഷ്കാരമായിരുന്നു. പത്തുമിനിട്ട് ദൈർഘ്യത്തിൽ ലൂപ്പ് ചെയ്യ്തുകൊണ്ടിരുന്നു. ഒരു പാർക്കിൽ വിശ്രമിക്കുന്ന മനുഷ്യനിൽ നിന്ന് ഉയരത്തിലേയ്യ്ക്ക് ആദ്യം അയാള് ചെരുതായി ഒരു ബിന്ദുവായി ആ പാര്ക്ക് തന്നെ ഒരു ബിന്ദുവായി ഭൂമിയൊരു ബിന്ദുവായി സൗരയൂഥമൊരു ബിന്ദുവായി ആകാശഗംഗയൊരു ബിന്ദുവായി അനേകായിരം പ്രകാശവർഷമകലേയ്ക്ക് എണ്ണിയാലൊടുങ്ങാത്ത നക്ഷത്രക്കൂട്ടങ്ങളീലൊന്നിൽ ഒരു ധൂളീയേക്കലും ചെറുതായ ഭൂമിയിൽ അതിന്റെ ശതകോടിയിലോന്ന് വലിപ്പമുള്ള ഒരു നിസ്സാരജീവി അതാണത്രേ മനുഷ്യൻ. എന്നാൽ അതാണോ ഏറ്റവും ചെറുത് അവന്റെ കൈത്തണ്ടയിലൊരു ബിന്ദു വലുതായി കോശമായി അതിനുള്ളിലെ ന്യൂക്ലിയസായി അതിലും ചെറിയ കണമായി അതിനുള്ളിൽ ചലിക്കുന്ന നാനോ കണങ്ങളായി അങ്ങനെ അങ്ങനെ 10 രേയിസ്റ്റ് 15 ലെവൽ വരെ പോകുന്നു ചെരുതാകലിന്റെ യാത്ര. അങ്ങനെ മനുഷ്യനെന്ന ഒരു അടരിൽ നിന്നും മുന്നിലേയ്ക്കും പിന്നിലേക്കും പോകുന്ന ഒരു യാത്രയായിരൂന്നു അതു.

ചിത്രങ്ങൾ, ചലച്ചിത്രങ്ങൾ, അക്ഷരങ്ങൾ , ശിലപ്ങ്ങൾ യന്ത്ര സംയോജനങ്ങൾ, ശബ്ദവും, വെളിച്ചവും, നിറവും, വൈദ്യുതിയും, കല്ലും, കട്ടയും എന്ന് വേണ്ട എന്തിനേയും ആവിഷ്കാരോപാധിയാക്കിയിരിക്കുന്നു ഇവിടേ.

മറ്റൊരു ചലച്ചിത്രം ചക്രവാളം എന്ന സങ്കല്പത്തെ കുറിച്ചായിരുന്നു. കാഴ്ചയുടെ കബളിപ്പിക്കൽ മനോഹരമായി ആവിഷ്കരിച്ചരിക്കുന്നു. പ്രത്യക്ഷത്തിൽ ഒരു പെണ്‍കുട്ടി വെള്ളത്തിലൂടെ നടക്കുന്നു എന്ന് തോന്നും. എന്നാൽ നടത്തം അവസാനിക്കാറാകുമ്പോ ഒരു കയറു ദൃശ്യമാകും . കരയിൽ വലിച്ച് കെട്ടിയ കയറിലൂടെയാണു അവൾ നടക്കുന്നത് എന്നാൽ ആ കയർ ദ്രിശ്യരേഖയിൽ കടലും ആകാശവും ചേരുന്നയിടത്താണു.

കരിയും മെഴുകും കൊണ്ട് തീര്ത്ത മനോഹര ചിത്രങ്ങൾ. ഒരു മുറിയിൽ നിരയെ തുളകളുള്ള ഒരു പേപ്പറിലൂടെ പ്രകാശം കടത്തി വിട്ട് പ്രകാശ ബിന്ദുക്കളൂടെ സാഗരം തീർത്തിരിക്കുന്നു. തെളിഞ്ഞ നിലാവിൽ, നക്ഷത്രം തിങ്ങിയ ആകാശം പോലെ ഭിത്തി.
ചുവപ്പ് നിറം മാത്രം സംവദിക്കുന്ന മറ്റൊരു ചലച്ചിത്രം. കാണിയും പ്രദർശനശാലയും കൂടി ഭാഗഭാക്കാവുന്ന തരത്തിൽ ചലച്ചിത്രത്തിലെ ബിംബങ്ങളും ചിത്രങ്ങളും ഭിത്തിയിൽ.

ഭിത്തിയിലെ കണ്ണാടി ചതുരത്തിനുള്ളിൽ തിരയിളകുന്ന കടൽപരപ്പിന്റെ ഛേദം. ശബ്ദവും പ്രകാശവും ഇളകുന്ന ജലവിതാനവും കൂടി ശെരിക്കും കടൽ അനുഭവവേദ്യമാകുന്നു. അതേ മുറിയിൽ തന്നെ തിരശ്ചീനമായൊരു പ്രകാശവിന്യാസത്തിലൂടേ സ്ഥലകാല വിഭ്രമം സൃഷ്ടിച്ചിരിക്കുന്നു

അടച്ചിട്ട മുറിയിലെ ജനാലയിലൂടെ കാണുന്ന പ്രകൃതിയെ ചിത്രകാരൻ മുറിയുടെ ഭിത്തിയിൽ കരി കൊണ്ട് ആവിഷ്കരിച്ചിരിക്കുന്നു. ചിത്രവും റിയൽ കാഴ്ചയും നമുക്കൊരേ സമയം കാണാം.

ഒരു ഭിത്തിക്കപ്പുറത്ത് അലയടിക്കുന്ന കടലിലൊളിച്ചിരിക്കുന്ന ചുഴിയെ ഒരു മുറിയിലാവാഹിച്ചിരിക്കുന്നു സ്രഷ്ടി കർത്താവ്. വന്യവും മനോഹരവുമായ കടൽച്ചുഴി.

തലകുത്തി നില്ക്കുന്ന മനുഷ്യൻ തലതിരിഞ്ഞത് ശില്പിയ്ക്കോ നമുക്കോ.

ഇനിയുമിനിയുമുണ്ട് ഒരുപ്പാട്‌ ശില്പങ്ങൾ . അതിരുകളില്ലാത്ത ആവിഷ്കാരത്തിന്റെ അമൂർത്ത ഭാവങ്ങൾ.
എനിക്കേറെ മനസിലായതും ഇഷ്ടമായതുമാണു പങ്കു വെച്ചത്.
ഒന്നും മനസിലാകാതെ പോയതും ഉണ്ട് എന്നും പറഞ്ഞു കൊള്ളട്ടെ.

ബിനാലേ ഇനിയുമവസാനിച്ചിട്ടില്ല. ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടവയാണു അവയോരോന്നും.

* ലന്തൻ ബത്തേരി. എൻ എസ മാധവന്റെ ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ എന്ന കഥയിലെ സ്ഥലം.